ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തിയേറി : കെ. സുധാകരൻ എം.പി

കൊച്ചി: ആധുനിക യുഗത്തിൽ മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചുവെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എം.പി പറഞ്ഞു .കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ കാഴ്ചപ്പാടുകളേയും ,കണ്ടെത്തലുകളേയും വിവിധ തലങ്ങളിൽ ഇന്ന് ചർച്ച ചെയ്യപ്പെടുകയും, ഗവേഷണ വിധേയമാവുകയും ചെയ്യുന്നത് സർവ്വകാല പ്രസക്തമായ ആ ആശയങ്ങളുടെ സമഗ്രത കൊണ്ടാണ്. ഗാന്ധിയൻ ദർശനങ്ങളുടെ സാക്ഷാത്ക്കാരം സാധ്യമാകണമെങ്കിൽ അത് പുതിയ തലമുറ ചർച്ച ചെയ്യുകയും ,ഗ്രാമങ്ങളിൽ യാഥാർത്ഥ്യമാക്കുകയും വേണം. ആയുധങ്ങളും ,ചോര ചീന്തലുമില്ലാത്ത സത്യത്തിൻ്റെയും ,ധർമ്മത്തിൻ്റേയും ,അഹിംസയുടേയും, സത്യാഗ്രഹത്തിൻ്റേയും പാതയിലൂടെ ഒരു മഹാ സാമ്രാജ്യത്തെ കീഴടക്കാം എന്ന് നമുക്ക് കാട്ടിത്തന്ന ഗാന്ധിജിയുടെ ആദർശങ്ങൾ നമ്മൾ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. കൃഷി, വിദ്യാഭ്യാസം ,തൊഴിൽ ,സ്ത്രീധനം ,പ്രവാസി മേഖലകളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു .മികച്ച സംഘടനാ പ്രവർത്തനം നടത്തിയ ജില്ലാ കമ്മിറ്റിയ്ക്കുള്ള 'ഗാന്ധീയം' പുരസ്ക്കാരത്തിന് പാലക്കാട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു .

സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു . എം .എൽ .എ മാരായ പി.ടി തോമസ്, റ്റി. സിദ്ധിഖ് കോൺഗ്രസ്സ് നേതാക്കളായ അഡ്വ: എ. ഷാനവാസ് ഖാൻ, ജോസഫ് വാഴയ്ക്കൻ ,ബിന്ദു കൃഷ്ണ ,വി.ടി.ബലറാം, ലാൽ വർഗീസ് കൽപ്പകവാടി ,അനിൽ ആൻറണി, ഡോ: നെടുമ്പന അനിൽ ,ഡോ :അജിതൻ മേനോത്ത് ,എം.എസ് ഗണേശ് ,വട്ടിയൂർക്കാവ് രവി ,ശങ്കർ കുമ്പളത്ത് ,ഡോ :പി .വി.പുഷ്പജ, ടി.ജെ പീറ്റർ, ബിനു.എസ് ചെക്കാലയിൽ ,ടി.ജെ മാർട്ടിൻ, പി. മോഹനകുമാരൻ ,ഡോ ഗോപീമോഹൻ ,മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ ,അരുൺ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.