കുട്ടനാട്ടുകാരെ അവരുടെ മണ്ണിൽ ജീവിക്കാൻ സാഹചര്യമൊരുക്കണം : വി.ഡി.സതീശൻ

കൊച്ചി: കുട്ടനാട്ടുകാർക്ക് അവരുടെ മണ്ണിൽ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ എക്കണോമിക് അസോസിയേഷനും , ഗാന്ധിദർശൻ വേദി ഗവേഷണ വിഭാഗവും സംയുക്തമായി " ആഗോള കാലാവസ്ഥ വ്യതിയാനവും- കുട്ടനാടിൻ്റെ അതിജീവനവും " എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദ്ദേശീയ വെബ്ബിനാറിൻ്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള കാലാവസ്ഥാ വ്യതിയാനം നമ്മുടെയൊക്കെ ജീവിത ക്രമത്തെ തന്നെ മാറ്റി മറിച്ചേക്കും. അറബിക്കടലിൽ നടക്കുന്ന മാറ്റങ്ങൾ 550 കിലോമീറ്ററോളം വരുന്ന കേരളത്തിൻ്റെ തീരപ്രദേശങ്ങളെ അപകടത്തിലാക്കിയിരിക്കുകയാണ്. ഇതിൻ്റെ രൂക്ഷമായ പ്രതിഫലനമുണ്ടാകാൻ സാധ്യതയുള്ള സ്ഥലമെന്ന നിലയിൽ വിവിധ വകുപ്പുകളെ യോജിപ്പിച്ച് കൊണ്ടുള്ള സമഗ്ര പദ്ധതിയും ,പ്രതിരോധ പ്രവർത്തനങ്ങളും , കുട്ടനാട് സംരക്ഷണത്തിന് വേണം.കുട്ടനാട്ടിലൂടെയൊഴുകുന്ന നാല് നദികളിലും ,ഡാമുകളിലും വലിയ തോതിൽ മണൽ കെട്ടിക്കിടക്കുന്നത് മൂലം വെള്ളം വരികയും ,ഇറങ്ങിപ്പോകുകയും ചെയ്യേണ്ട സ്വഭാവിക പ്രക്രിയ അവിടെ നടക്കുന്നില്ല. ഇത് വെള്ളത്തിൻ്റെ ഒഴുക്കിനേയും ,അളവിനേയും തടസ്സപ്പെടുത്തും.ഇത് നിയന്ത്രിക്കാൻ റിവർ മാനേജ്മെൻ്റ് അതോറിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യൻ്റെയും ഭൂമിയിലുള്ള സർവ്വ ചരാചരങ്ങളുടേയും ആരോഗ്യം പരസ്പര പൂരകമാണ് .അത് പ്രകൃതിയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്.പശ്ചിമഘട്ട മലനിരകൾ ഇടിച്ചു നിരത്തിയാൽ കേരളത്തിൻ്റെ സ്ഥിതിയെന്താവും ? അശാസ്ത്രീയമായ മൈനിംങ്ങ് ,മരംമുറി, ക്വോറി മാഫിയ എന്നിവ ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുകയെന്നതാണ് ഇതിന് പരിഹാരമെന്നും സതീശൻ കൂട്ടി ച്ചേർത്തു.

കുട്ടനാടിൻ്റെ കാർഷിക മേഖലയിലടക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരാതെ അതിജീവനം സാധ്യമാവില്ലെന്ന് സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം തലവൻ ഡോ:മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി വരും നാളുകളിൽ കുട്ടനാടിൻ്റെ പാരിസ്ഥിതിക സംതുലനാവസ്ഥ ഭീഷണി നേരിടുന്നുണ്ടെന്ന യാഥാർത്ഥ്യം കുട്ടനാട്ടിലെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്നും മറിച്ച് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി സ്ഥിതി ഇങ്ങനെ തന്നെ തുടരുമെന്ന് വിശ്വസിപ്പിക്കുന്നത് അവരോട് കാണിക്കുന്ന അനീതിയാണെന്നും ഡോ:മുരളി ചൂണ്ടിക്കാട്ടി

സെമിനാർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . സംസ്ഥാന ചെയർമാൻ ഡോ: എം.സി.ദിലീപ് കുമാർ ,ഇന്ത്യൻ എക്കണോമിക് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി ഡോ: ബി.പി ചന്ദ്രമോഹൻ ,ഡോ :ഹേമന്ദ് ഷാ ,ഡോ :പ്രിയദർശനൻ ധർമ്മരാജൻ ,ഡോ :എൻ.സി നാരായണൻ ,ഡോ :കെ.മണിരത്നം നായിഡു ,ഡോ :ശ്രീകുമാർ ച തോപാധ്യായ ,ഡോ :ജോൺ സാമുവൽ ,ഡോ :കെ.ജി.പത്മകുമാർ ,ഡോ :രമേശ് കുമാർ സിങ്ങ് മല്ല ,ഡോ :നന്ദകുമാർ ,ഡോ :ശരത്ചന്ദ്രൻ ,ഡോ :നെടുമ്പന അനിൽ ,ഡോ :അജിതൻ മേനോത്ത് ,ഡോ :പി .കൃഷ്ണകുമാർ ,അഡ്വ: ജി. മനോജ് കുമാർ ,മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ, ഇ.വി എബ്രഹാം ,എം.വി.ആർ മേനോൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു.